Thursday, November 09, 2006






തുറുങ്കുകള്‍ തകര്‍ത്ത പ്രണയം



വിശ്വാസം മലകളെ ഇളക്കുമെന്നാണ്‌ പറയാറുള്ളത്‌. വിശ്വാസത്തിന്‌ മാത്രമല്ല പ്രണയത്തിനും ഇത്തരമൊരു കഴിവുണ്ട്‌. കരിമ്പാറക്കെട്ടുകള്‍ക്കിടയില്‍ തലനീട്ടുന്ന പച്ചയുടെ ഒരേ ഒരു തലപ്പുപോലെ ജീവന്റെ അനിഷേധ്യതയായി അത്‌ നിലകൊള്ളുന്നു. കല്യാണസൗഗന്ധികത്തിനായി കാടുകളും മേടുകളും താണ്ടിയ ഭീമനില്‍ അപ്പോഴുണ്ടായിരുന്നത്‌ പ്രണയത്തിന്റെ കരുത്തായിരുന്നു. ഏഴുകടലുകള്‍ക്കപ്പുറം ഏതോ ഒരു കോട്ടയില്‍ രാക്ഷസന്‍ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച രാജകുമാരിയെ കണ്ടെത്താന്‍ തുനിഞ്ഞ കന്നാലിച്ചെറുക്കന്റെ കരുത്തും പ്രണയമായിരുന്നു. ഹെന്‍ട്രിക്കഥയിലെ നായകനായ ജിം വാലന്റൈന്‍ താന്‍ തിരിച്ചറിയപ്പെടുമെന്ന്‌ മനസ്സിലാക്കിയിട്ടും കാമിനിയുടെ അഭ്യര്‍ഥന മാനിച്ച്‌ താഴ്‌ തകര്‍ക്കുന്നതിലെ തന്റെ വിരുത്‌ ഉപയോഗപ്പെടുത്തിയതും പ്രണയതീവ്രതയിലായിരുന്നു.ഡ്രാഗണ്‍ ബോസ്കോവിച്ച്‌ എന്ന ഇരുപത്തിയാറുകാരനെ ജയില്‍ ചാടാന്‍ പ്രേരിപ്പിച്ചതും പ്രണയത്തിന്റെ ഈ കരുത്തായിരുന്നു. കൊലപാതകക്കുറ്റത്തിന്‌ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്‌ മൊണ്ടനെഗ്രോവിലെ ജയിലില്‍ കഴിയുന്ന ഇയാള്‍ തടവറ ഭേദിച്ചത്‌ 19 കാരിയായ കാമുകിയ്ക്ക്‌ പിറന്നാള്‍ ആശംസ നേരാനാണ്‌. പത്തടി ഉയരമുള്ള ജയിലാണ്‌ ഇയാള്‍ നിഷ്പ്രയാസം ചാടിയത്‌. ചാടുന്നതിന്‌ മുമ്പ്‌ തടയാന്‍ ശ്രമിച്ച കാവല്‍ക്കാരെ ഇയാള്‍ കീഴ്പ്പെടുത്തുകയും ചെയ്തു. എന്തൊക്കെ സംഭവിച്ചാലും താന്‍ പിറന്നാള്‍ ആശംസ നേരുമെന്ന്‌ പ്രണയിനിക്ക്‌ ഇയാള്‍ ഉറപ്പുകൊടുത്തിരുന്നു. എന്നാല്‍ ഇതിന്‌ ജയിലിലെ ഫോണ്‍ ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. ഇതാണ്‌ തന്നെ ജയില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്ന്‌ രണ്ടുമണിക്കൂറിന്‌ ശേഷം തന്നെ തേടിയെത്തിയ നിയമപാലകരോട്‌ അയാള്‍ പറഞ്ഞു. ജയില്‍ ചാടുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ലായിരുന്നെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

സമ്മാനത്തിന്റെ രാഷ്ട്രീയമാനം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ച്‌ മത്സരം നടത്തി അതില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക്‌ ബ്രിട്ടനിലേക്ക്‌ ഒരു യാത്രയ്ക്കുള്ള അhസരം സമ്മാനിക്കുന്നത്‌ വിചിത്രമായി തോന്നാം. അതിന്‌ സമാനമായ ഒരു സംഭവം ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടന്നു. ഹംഗറിയിലെ കമ്യൂണിസ്റ്റ്‌ വാഴ്ചക്കാലത്ത്‌ സോവിയറ്റ്‌ പിന്തുണയോടെ രാജ്യം ഭരിച്ചവര്‍ക്കെതിരെ 1956ല്‍ നടന്ന കലാപത്തെ സംബന്ധിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസില്‍ വിജയിക്കുന്നവര്‍ക്ക്‌ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചത്‌ മോസ്കോവിലേക്ക്‌ ഒരു യാത്രയാണ്‌. ഹംഗറിയിലേതുപോലെ റഷ്യയിലും കമ്യൂണിസ്റ്റ്‌ അധികാരം ഇല്ലാതായെങ്കിലും സമ്മാനയാത്ര കൗതുകകരമാണെന്ന്‌ രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. ഒക്ടോബര്‍ 23നാണ്‌ ഹംഗറിയിലെ ഈ സമരത്തിന്റെ ഒന്നാം വാര്‍ഷികം. ഗവണ്‍മെന്റ്‌ തന്നെയാണ്‌ ഫ്രീഡം ഫൈറ്റര്‍ എന്നു പേരായ ഈ മത്സരം നടത്തിയത്‌. യാത്രയ്ക്കിടയില്‍ മോസ്കോവിലെ ചരിത്രമ്യൂസിയം സന്ദര്‍ശിക്കാനും സന്ദര്‍ഭമൊരുക്കുമെന്ന്‌ പരിപാടിയുടെ സംഘാടകര്‍ പറയുന്നു. ഈ കലാപത്തെക്കുറിച്ചുള്ള അസ്സല്‍രേഖകളെ ആസ്പദമാക്കി വിശദീകരണവും ജേതാക്കള്‍ക്ക്‌ ഇവിടെ നിന്ന്‌ ലഭിക്കും. ഒരു സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതൊരു ദുരന്തവും പതിനായിരങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അത്‌ സ്ഥിതിവിവരക്കണക്കുമാകുമെന്നാണ്‌ സോവിയറ്റ്‌ നായകന്‍ സ്റ്റാലിന്‍ പറഞ്ഞിട്ടുള്ളത്‌. ഏതായാലും ഈ സ്ഥിതിവിവരക്കണക്ക്‌ കൗതുകപൂര്‍വം പഠിക്കാനാണ്‌ ഹംഗേറിയന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരമൊരുങ്ങുന്നത്‌. കൗതുകകരമായ മറ്റൊരൂ വസ്തുത മത്സരത്തിലെ രണ്ടാം സ്ഥാനക്കാര്‍ക്ക്‌ സമ്മാനമായി പ്രഖ്യാപിച്ചത്‌ പാംടോപ്പ്‌ കംപ്യൂട്ടറുകളാണ്‌ എന്നതാണ്‌. ഹംഗറിയില്‍ അര നൂറ്റാണ്ട്‌ മുമ്പ്‌ നടന്ന സമരമാണ്‌ കമ്യൂണിസ്റ്റ്‌ ലോകത്ത്‌ ആദ്യമായി മുഴങ്ങിയ പ്രതിഷേധശബ്ദം. മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ശൈലികള്‍ക്ക്‌ പാശ്ചാത്യലോകത്ത്‌ ലഭിച്ച പിന്തുണയില്‍ ഗണ്യമായ ഇടിവുവരുത്താനും ഇത്‌ കാരണമായി. കണക്കുപ്രകാരം 2,500 പേരാണ്‌ മരിച്ചത്‌. നിരവധി പേരെ കാണാതായി. 200,000 പേര്‍ നാടുവിടുകയും ചെയ്തു

ഈച്ചപ്പേടി

ച്ചപ്പേടി കാര്‍ഷികസംസ്കൃതിയുടെ ഉദയം തൊട്ട്‌ മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌. ഈച്ചപ്പേടിയുടെ നിഴലാട്ടങ്ങള്‍ ബൈബിളില്‍ വരെ കാണാം. എല്ലാ തരം തിന്മകളുടെയും മൂര്‍ത്തിമദ്ഭാവമായി ഒരു ഈച്ചത്തമ്പുരാനെ സങ്കല്‍പിക്കാന്‍ (beelsabub)മനുഷ്യനെ പഠിപ്പിച്ചത്‌ കാര്‍ഷികസംസ്കാരമാണ്‌. ഈ പേരില്‍ വില്യംഗോള്‍ഡിംഗ്‌ എഴുതിയ നോവലുണ്ട്‌. യുക്തിബോധമില്ലാത്ത ഒരു ജനതയുടെ ഉള്ളില്‍ കുടികൊള്ളുന്ന തിന്മയെ ചിത്രീകരിക്കാന്‍ ഗോള്‍ഡിംഗ്‌ ഉപയോഗിച്ചത്‌ ഈച്ച എന്ന രൂപകമായിരുന്നു. ഈച്ചകളുടെ തമ്പുരാനായ ബീല്‍സെബബ്‌ എന്ന കഥാപാത്രം ആദിമഹിബ്രു സാഹിത്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. സെബബ്‌ എന്നാല്‍ ഈച്ച. ബീല്‍ എന്ന വാക്കുണ്ടായത്‌ ഏകദൈവാരാധകരായ യഹൂദജനതയുടെ ശത്രുക്കളായ ഫിലിസ്റ്റൈനുകളുടെ ദൈവങ്ങളില്‍ പ്രമുഖനായ ബാല്‍ എന്ന പേരില്‍ നിന്ന്‌. ശത്രുക്കളായി കഴിഞ്ഞിരുന്ന ജനതകള്‍ തിന്മകളുമായി ചേര്‍ത്തുവെയ്ക്കാന്‍ കണ്ടെത്തിയത്‌ എന്നും അപരന്റെ വിശ്വാസങ്ങളും ശീലങ്ങളുമായിരുന്നു. അങ്ങിനെ ബീല്‍സെബബ്‌ ഊര്‍വരതാനുഷ്ഠാനങ്ങളെ വെറുത്തുപോന്നവരെങ്കിലും ആട്ടിടയന്‍മാരായ ജൂതജനതയില്‍ തിന്മയുടെ ദൈവമായി. നമ്മുടെ നാട്ടിലും ഈച്ചപ്പേടിയ്ക്ക്‌ വേരുകളുണ്ട്‌. തെക്കന്‍മലബാറിലെ തെണ്ടന്‌ വെച്ചുകൊടുക്കുക എന്ന അനുഷ്ഠാനം ഈ ഈച്ചപ്പേടിയുമായി ബന്ധപ്പെട്ടുണ്ടായതാണ്‌. കന്നുകാലികളെ ഉപദ്രവിക്കുന്ന ദുര്‍മൂര്‍ത്തികളില്‍ നിന്ന്‌ അവയെ രക്ഷിക്കുന്ന ശിവഭൂതമാണ്‌ തെണ്ടന്‍. പൊട്ടന്‍ (Gaudfly) എന്ന ഈച്ചയുടെ ഉപദ്രവമാണ്‌ ഇവയില്‍ മുഖ്യം. ഇന്നും ഇത്തരത്തില്‍ ക്ഷുദ്രജീവികളോടുള്ള ഭയം ഭാവനയായി പൂവണിയുന്നത്‌ ഹോളിവുഡ്‌ ചിത്രങ്ങളില്‍ കാണാം. വില്ലനില്ലാതെ നിലനില്‍ക്കാന്‍ കഴിയാത്ത പടിഞ്ഞാറിന്‌ സോവിയറ്റ്‌ യൂണിയന്റെയും സ്വേച്ഛാധിപത്യഭരണകൂടങ്ങളുടെയും തകര്‍ച്ചയ്ക്കുശേഷം തിന്മ എന്ന പദത്തിന്‌ പകരം വെയ്ക്കാന്‍ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നു. എന്നാല്‍ ഈച്ചപ്പേടി ശരിയ്ക്കും ഒരു ജനതയെ നാടുകടത്തിയ സംഭവം ഈയടുത്ത്‌ റഷ്യയിലുണ്ടായി. റഷ്യയിലെ സ്‌വെര്‍ദ്ലോസ്ക്‌ പ്രവിശ്യക്ക്‌ സമീപം പോള്‍വോയ്‌ ഗ്രാമത്തിലെ ഒരു സ്ത്രീ ഒഴികെ എല്ലാവരും ഈച്ചകളുടെ ശല്യം മൂലം നാടുവിടേണ്ടിവന്നു. വേറെ എങ്ങോട്ടും പോകാനിടമില്ലാത്തതിനാലാണ്‌ താന്‍ ഇവിടം വിട്ടുപോകാത്തതെന്ന്‌ അവര്‍ പറയുന്നു.ഇവിടെയും ഈച്ചപ്പേടി കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായതാണെന്നതാണ്‌ കൗതുകകരം. പ്രദേശത്തെ ഒരു കൃഷിക്കാരന്‍ വളത്തിനായി കൊണ്ടുവന്ന കോഴിക്കാഷ്ഠമാണ്‌ ഈച്ചകളുടെ പടയ്ക്ക്‌ ജന്മം നല്‍കിയത്‌. റഷ്യയിലെ ഏറ്റവും ഭംഗിയേറിയ ഈ പ്രദേശത്ത്‌ മെയ്മാസത്തില്‍ നല്ല ചൂടും ജൂണില്‍ കനത്ത മഴയുമാണ്‌. ഏതാണ്ട്‌ നമ്മുടെ നാടിന്‌ സമാനമായ കാലാവസ്ഥ. കൊണ്ടുവന്ന കോഴിക്കാഷ്ഠം വളമായി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ കൃഷിക്കാരന്‍ ഇത്‌ കുന്നുകൂട്ടിയിട്ടു. മഴയെ തുടര്‍ന്ന്‌ അതില്‍ നിന്ന്‌ ഈച്ചപ്പട പഴയ ചെമ്പടയേക്കാള്‍ കരുത്താര്‍ജ്ജിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. പ്രദേശത്തെ അമ്പതുവീടുകളില്‍ നിന്നും ആളുകള്‍ അന്യദേശങ്ങളിലേക്ക്‌ പലായനം ചെയ്തു. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ധരിക്കുന്ന മുഖംമൂടിയില്ലാതെ ഇവിടെ ജീവിക്കാന്‍ വയ്യെന്നാണ്‌ ഇപ്പോഴും അവിടെ താമസിക്കുന്ന എലേന പൊട്ടപ്പോവ എന്ന സ്ത്രീ പറയുന്നത്‌. ഈച്ചകളുടെ മൂളല്‍ മൂലം ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന്‌ അവര്‍ പറയുന്നു.

താടിക്കാരന്‍ഫലിതപ്രിയനായിരുന്നില്ല

അമിതമായ അധ്വാനഭാരം ജോലിയിലുള്ള ശുഷ്കാന്തി കുറക്കുമെന്നത്‌ സാമാന്യതത്വമാണ്‌. എന്നാല്‍ ഇത്തരത്തിലൊരു അവസ്ഥയോട്‌ പ്രതിഷേധിക്കാന്‍ ജര്‍മനിയില്‍ തപാല്‍ ശിപായിയും ഇരുപത്തിയാറുകാരിയുമായ സ്വറ്റ്ലാന കണ്ടെത്തിയ വഴി സാമാന്യമായി മനസ്സിലാക്കാന്‍ കഴിയുന്നതല്ലെന്നാണ്‌ അധികൃതരുടെ പക്ഷം. ജോലിഭാരം ശാരീരികമായി താങ്ങാന്‍ വയ്യാതെ ഇവര്‍ കഴിഞ്ഞ ആറുമാസമായി 2000 കത്തുകളാണ്‌ വീട്ടില്‍ സൂക്ഷിച്ചത്‌. തെക്കന്‍ പട്ടണമായ എര്‍ലാന്‍ഗണിലാണ്‌ സംഭവം.ജര്‍മനിയില്‍ തപാലിടപാടുകള്‍ സ്വകാര്യമേഖലയിലാണ്‌. സ്വകാര്യമൂലധനത്തിന്റെ താത്പര്യം ലാഭമുണ്ടാക്കലാണെന്നും അതിന്‌ തൊഴിലാളിയുടെ അധ്വാനഭാരം വര്‍ധിക്കുന്നത്‌ പ്രശ്നമല്ലെന്നും ജര്‍മന്‍കാരനായ ഒരു താടിക്കാരന്‍ പണ്ടേ പറഞ്ഞിട്ടുള്ളതാണല്ലോ. ലോകം വേണ്ടെന്ന്‌ വച്ചിട്ടുള്ള ആ പഴയ ചിന്തകന്റെ വാക്കുകള്‍ക്ക്‌ സാധൂകരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു സംഭവം ജര്‍മനിയില്‍ നിന്നുതന്നെ മാധ്യമശ്രദ്ധയില്‍പെട്ടത്‌ യാദൃച്ഛികമാകാം. ഇവര്‍ താമസിക്കുന്ന വീട്ടില്‍ മുയല്‍തീറ്റ കൊടുക്കാന്‍ ചെന്ന ഒരു പരിചയക്കാരനാണ്‌ ഇക്കാര്യം ആദ്യമായി അറിയുന്നത്‌. ഈ തപാല്‍ജീവനക്കാരി എത്തിച്ചുകൊടുക്കേണ്ട കത്തുകള്‍ വലിയ കണ്ടെയിനറുകളില്‍ സൂക്ഷിച്ചിരിക്കുന്നതായി ഇയാള്‍ കാണുകയായിരുന്നു. സ്വറ്റ്ലാന ഇയാള്‍ക്കും കത്ത്‌ എത്തിച്ചുകൊടുക്കാനുണ്ടായിരുന്നു. ഇതാണ്‌ കത്തുകള്‍ കാണാതായതിന്റെ രഹസ്യമെന്തെന്ന്‌ കണ്ടെത്താനിടയാക്കിയത്‌. പഴയ കത്തുകള്‍ക്കിടയിലെങ്ങാനും തന്റെ കത്തുപെട്ടിട്ടുണ്ടോ എന്ന്‌ തിരഞ്ഞപ്പോഴാണ്‌ കാര്യമറിയുന്നത്‌. ഉടന്‍ തന്നെ പൊലീസില്‍ ഇയാള്‍ വിവരമറിയിക്കുകയും ചെയ്തു

Wednesday, November 08, 2006


നിയമം പെരുന്തച്ചന്റെ പാവയല്ല

ചരിത്രത്തില്‍ തനിയാവര്‍ത്തനങ്ങളില്ല. എപ്പോഴെങ്കിലും അത്തരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത്‌ വികൃതമായ മട്ടിലായിരിക്കുമെന്നും പറയാറുണ്ട്‌. എന്നാല്‍ ഐതിഹ്യങ്ങളിലും കഥകളിലുമുള്ളതിന്‌ സമാനമായ സംഭവങ്ങള്‍ പില്‍ക്കാലത്ത്‌ ആവര്‍ത്തിക്കാറുള്ളത്‌ അത്ഭുതമുണര്‍ത്താറുണ്ട്‌. നമ്മുടെ പുഷ്പകവിമാനം ആദ്യം പറന്നത്‌ സായിപ്പിന്റെ ആകാശത്താണല്ലോ.പെരുന്തച്ചന്റെ പാവയുടെ കഥ അറിയാത്ത മലയാളികള്‍ കാണില്ല. പാലം കടക്കുന്നവരുടെ മുഖമടച്ചു തുപ്പുന്ന പാവ. ഈ പാവയുടെ(പെരുന്തച്ചന്റെ) ധാര്‍ഷ്ട്യത്തിന്‌ മറുപടി കൊടുക്കാന്‍ മകന്‍ വേണ്ടിവന്നു. ഇക്കഥയ്ക്ക്‌ സമാനമായ സംഭവം നടന്നത്‌ ഡെന്‍മാര്‍ക്കിലാണ്‌. നിയമമാണ്‌ ഇവിടെ പെരുന്തച്ചന്റെ മകന്‍ ഉണ്ടാക്കിയ പാവയായി പ്രവര്‍ത്തിച്ചത്‌. രാജ്യത്തെ പരമോന്നത കോടതി ഒരു ബേക്കറി തൊഴിലാളിയുടെ മുഖത്ത്‌ തുപ്പിയ ഇരുപത്തിയാറുകാരന്‌ ഇരുപതു ദിവസത്തെ തടവുശിക്ഷയാണ്‌ വിധിച്ചത്‌. തന്റെ മുഖത്ത്‌ തുപ്പിയത്‌ ശാരീരികമായ ആക്രമണമായി കണക്കാക്കാന്‍ അഭ്യര്‍ഥിച്ച്‌ ബേക്കറി തൊഴിലാളി കൊടുത്ത കേസിലാണ്‌ പരമോന്നത കോടതിയുടെ വിധിയുണ്ടായത്‌. ഇതിന്‌ മുമ്പ്‌ രണ്ടുതവണ കീഴ്ക്കോടതികളെ ഇയാള്‍ സമീപിച്ചെങ്കിലും അനുകൂലമായല്ല അവ പ്രതികരിച്ചിരുന്നത്‌. രണ്ടുവര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഏതായാലും കോടതിയുടെ മുഖമടച്ചുള്ള ഈ തിരിച്ചടി കെങ്കേമമായെന്ന്‌ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ പറയുന്നു.
ആ മണ്ണില്‍ ഞാന്‍ വീണുരുണ്ടു

ഗാന്ധിയനും ബാലസാഹിത്യകാരനുമായ കെ തായാട്ട്‌ സബര്‍മതി യാത്രയുടെ ഓര്‍മ്മകള്‍
ഐ സതീഷുമായി പങ്കുവെയ്ക്കുന്നു
സബര്‍മതി
അത്‌ ഒരു വെറും പേരല്ല. നദിയുടെയോ ആശ്രമത്തിന്റെയോ പേരുമാത്രമല്ല. ഇനിയും പാടെ വറ്റിപ്പോകാത്ത ധാര്‍മികധാരയാണ്‌ സബര്‍മതി. രാഷ്ട്രപിതാവിന്റെ സാന്നിധ്യം കൊണ്ട്‌ അനുഗൃഹീതമായ ആശ്രമം നിലകൊള്ളുന്നത്‌ ഇതേ പേരുള്ള ഈ നദിയോരത്താണ്‌. മനുഷ്യജീവിതത്തില്‍ ജനനത്തിനും മരണത്തിനും പ്രാധാന്യം ഏറെയൊന്നും കാണാതിരുന്നയാളായിരുന്നു ഗാന്ധി. നാമരൂപത്തിലോ ചിഹ്നങ്ങളിലോ അല്ല കര്‍മവിശുദ്ധിയിലായിരുന്നു അദ്ദേഹത്തിന്‌ വിശ്വാസം. ഗാന്ധി വെടിയേറ്റുമരിച്ചപ്പോള്‍ ഒരു പ്രതിഭാശാലി പ്രതികരിച്ചത്‌ ഇങ്ങനെയല്ലാതെ എങ്ങനെയാണ്‌ അദ്ദേഹം വിട പറയേണ്ടിയിരുന്നതെന്നാണ്‌. ജീവിതത്തില്‍ നിന്ന്‌ പിന്‍വാങ്ങൂന്നത്‌ പോലും മഹത്തായ ഒരു പ്രവര്‍ത്തനമാക്കി മാറ്റിയ ആളാണ്‌ അദ്ദേഹം.ചമ്പാടുള്ള തന്റെ വസതിയുടെ പൂമുഖത്തിരുന്ന്‌ ബാലസാഹിത്യകാരനും ഗാന്ധിയനുമായ കെ തായാട്ട്‌ പറയുന്നു: ഗാന്ധി താനുള്‍പ്പെടുന്ന തലമുറയ്ക്ക്‌ ഒരു വികാരമായിരൂന്നു. കടുത്ത ആരാധനയായിരുന്നു ആളുകള്‍ക്ക്‌ അദ്ദേഹത്തോട്‌. ആരും ഗാന്ധിചിന്ത പുസ്തകത്തില്‍ നിന്ന്‌ പഠിച്ചിരുന്നില്ല. അദ്ദേഹം ചിന്തിക്കുന്നതെന്തെന്ന്‌ അറിയാന്‍ ആ ജീവിതത്തെ നിരീക്ഷിച്ചാല്‍ മതിയായിരുന്നു. ആ ജീവിതത്തെ പിന്‍പറ്റിയാല്‍ മതിയായിരുന്നു. ഗാന്ധിയെപ്പോലെ ജീവിക്കുക തീരെ എളുപ്പമല്ല. അതുകൊണ്ട്‌ തന്നെ ഒരു ഗാന്ധിയനെന്ന്‌ അവകാശപ്പെടാന്‍ തനിക്കാവുകയുമില്ല. തീര്‍ച്ചയായും താന്‍ ഒരു ഗാന്ധിയനല്ല. വേണമെങ്കില്‍ അനുജന്‍ ബാലന്‍ തായാട്ട്‌ ആണ്‌ കുറേക്കൂടി ഗാന്ധിയന്‍ എന്നു പറഞ്ഞോളൂ.
സബര്‍മതിയിലേക്ക്‌
ഒരു തീര്‍ഥയാത്രയുടെ പരകോടിയിലായിരുന്നു താന്‍ സബര്‍മതിയിലെത്തിയത്‌. നന്നേ ചെറുപ്പത്തില്‍ തന്നെ ഗാന്ധിയുടെ മായികപ്രഭാവം തന്നെ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു. ഒരു തരത്തില്‍ ഈ തീര്‍ഥയാത്ര അന്നാണ്‌ ആരംഭിച്ചത്‌ എന്നുവേണം പറയാന്‍. ജ്യേഷ്ഠന്‍ തായാട്ട്‌ ശങ്കരനാണ്‌ ഗാന്ധിയുടെയും നാഷണല്‍കോണ്‍ഗ്രസിന്റെയും പാതയിലൂടെ തന്നെ നടത്തിയത്‌. അച്ഛന്‍ ഖാദി ധരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു ദേശസ്നേഹിയായിരുന്നു. അമ്മാവന്‍ കൃഷ്ണന്‍നമ്പ്യാരും കോണ്‍ഗ്രസുകാരനായിരുന്നു. സ്വാതന്ത്ര്യസമരം ഉച്ചസ്ഥായിയിലെത്തിയ അക്കാലത്ത്‌ ഗാന്ധിയെ അകലെ നിന്നെങ്കിലും നേരില്‍ കാണാനും അടുത്ത്‌ നിന്ന്‌ അദ്ദേഹം അറിയാതെ അദ്ദേഹത്തെ സ്പര്‍ശിക്കാനും അവസരം കിട്ടി. ഗാന്ധിജി തലശ്ശേരിയില്‍ വന്നപ്പോഴായിരുന്നു അത്‌. തന്നെയും സഹോദരന്‍മാരെയും ഗാന്ധിയുടെ സമീപമെത്തിക്കാന്‍ അച്ഛന്‍ രണ്ട്‌ രൂപ ചെലവിട്ടതും തായാട്ട്‌ ഓര്‍ക്കുന്നു. വലിയ പുരുഷാരമായിരുന്നു തലശേരി കടപ്പുറത്ത്‌. പൂഴി വാരിയിട്ടാല്‍ പോലും നിലത്തെത്തുകയില്ല. തിരക്കിനിടയില്‍ അമ്മാവന്‍ തന്നെയെടുത്തുയര്‍ത്തി ഗാന്ധിയെ തൊടാന്‍ അവസരമുണ്ടാക്കുകയായിരുന്നു. ഈ വിരല്‍കൊണ്ടാണ്‌ ഗാന്ധിയെ തൊട്ടത്‌ എന്ന്‌ കുറേക്കാലം താന്‍ പറഞ്ഞുനടന്നിരുന്നു. ഇന്ന്‌ സിനിമാനടന്‍മാരോടും കായികതാരങ്ങളോടും കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കുമൊക്കെ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആരാധന പ്രായഭേദമെന്യേ ആളുകള്‍ക്ക്‌ ഗാന്ധിയോടുണ്ടായിരുന്നു. കടുത്ത ബ്രിട്ടീഷ്‌ അനുകൂലികള്‍ക്ക്‌ പോലും രഹസ്യമായ ആദരവ്‌ അദ്ദേഹത്തോടുണ്ടായിരുന്നു. 'അര്‍ധനഗ്നനായ ഈ ഫക്കീര്‍' എങ്ങനെയാണ്‌ ഇത്രയധികം ആളുകളെ ആകര്‍ഷിച്ചത്‌ എന്നത്‌ മിക്കവര്‍ക്കും പ്രത്യേകിച്ച്‌ പടിഞ്ഞാറുള്ളവര്‍ക്ക്‌ ഇനിയും മനസ്സിലായിട്ടില്ല.  
കത്തിയെരിഞ്ഞ സബര്‍മതി
സബര്‍മതിയുടെ പേരുവഹിച്ച തീവണ്ടിയാണ്‌ ഗോധ്രയില്‍ കത്തിയെരിഞ്ഞത്‌. വിഭജനകാലത്ത്‌ മാത്രമല്ല, ഗാന്ധി പിറന്ന ഗുജറാത്ത്‌ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിരവധി നരമേധങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. തമ്മില്‍ തല്ലി നശിച്ച യാദവകുലം ജീവിച്ചതും ദ്വാരകയുമെല്ലാം ആ പ്രദേശത്തായിരുന്നു. എന്നാല്‍ അശാന്തിയുടെ കടല്‍ ആ പ്രദേശത്തെ മുഴുവനും വിഴുങ്ങുകയില്ലെന്നുറപ്പാണ്‌. കാരണം അനന്തമായ കാരുണ്യം പോലെ ഒരു ജീവിതത്തിന്റെ അദൃശ്യസാന്നിധ്യം ഇപ്പോഴുമുണ്ട്‌ ആ മണ്ണില്‍. സബര്‍മതിയും പോര്‍ബന്തറും ആ നാട്ടിലുള്ളിടത്തോളം കാലം ഗാന്ധിയെ മറക്കാന്‍ കഴിയുകയില്ല. ഇപ്പറഞ്ഞത്‌ ഇന്ത്യക്കും ബാധകമാണ്‌. ധാര്‍മികതയിലും ആത്മബലത്തിലുമൂന്നി തിന്മകളെ ചെറുക്കാനാണ്‌ ഗാന്ധി ഉപദേശിച്ചത്‌. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അദ്ദേഹം വെല്ലുവിളിച്ചത്‌ ഹിംസാത്മകമായ മാര്‍ഗങ്ങളിലൂടെയായിരുന്നില്ല. അക്രമികളായ ബ്രിട്ടീഷ്‌ ഭരണകൂടത്തെ നേരിടാനുള്ള നെഞ്ചൂക്ക്‌ ഏതെങ്കിലും ആയുധമായിരുന്നില്ല നല്‍കിയത്‌. ഇതേ നെഞ്ചൂക്ക്‌ തന്നെയാണ്‌ വര്‍ഗീയവൈരത്താല്‍ കലുഷിതമായ നവഖാലിയെപ്പോലുള്ള ഇടങ്ങളിലൂടെ ഏകാന്തനായി നടക്കുമ്പോഴും ഹിന്ദുവര്‍ഗീയവാദിയുടെ വെടിയുണ്ടയെ ഭയക്കാതിരിക്കുമ്പോഴും അദ്ദേഹം പ്രദര്‍ശിപ്പിച്ചത്‌.
സബര്‍മതിയെന്ന സമരായുധം
ഗാന്ധിയുടെ എല്ലാ സമരങ്ങള്‍ക്കുമുണ്ടായിരുന്നു പ്രത്യേകത. സബര്‍മതി ആശ്രമം സ്ഥാപിച്ചതു തന്നെ ഈ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. സ്വന്തം വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും പുതുക്കിപ്പണിതാണ്‌ ആധിപത്യത്തെ വെല്ലുവിളിക്കേണ്ടത്‌ എന്നദ്ദേഹം പഠിപ്പിച്ചു. ഇച്ഛാശക്തിയുള്ളവരും ആത്മബലമുള്ളവരുമായി ഇന്ത്യക്കാരെ മാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇതിന്‌ ചര്‍ക്ക നല്ല ആയുധമായിരുന്നു. ആത്മവിശ്വാസവും സ്വാശ്രയശീലവും സ്വാതന്ത്ര്യം എന്ന തത്വത്തിന്‌ അനിവാര്യമാണെന്ന്‌ ഗാന്ധിജി കരുതി. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ താന്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ കാര്യവും ഗാന്ധിയെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ തായാട്ട്‌ ഓര്‍മിച്ചെടുത്തു. നോമ്പുനോല്‍ക്കുന്നതിന്‌ സമാനമായ ഒരു വ്രതശുദ്ധിയായിരുന്നു നൂല്‍നൂല്‍ക്കുന്നതിനും. വലിയ ഒരു സാമ്പത്തികസമരമാണ്‌ ചെയ്യുന്നത്‌ എന്ന്‌ കാര്യമായി ആരും മനസ്സിലാക്കിയിരുന്നില്ല. ഇത്തരമൊരു സമരം വഴി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക അടിത്തറയിളക്കാനാണ്‌ ഗാന്ധി ശ്രമിച്ചത്‌. ചര്‍ക്കയുടെ തത്വവും ജീവിത ലാളിത്യത്തിന്റെ പ്രാധാന്യവും സ്വാശ്രയശീലത്തിലൂന്നിയ ജീവിതസങ്കല്‍പവുമെല്ലാം സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകാര്‍ക്ക്‌ പോലും മനസ്സിലായില്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ഗാന്ധിയന്‍പാതയ്ക്കെതിരെയായിരുന്നല്ലോ. ക്വിറ്റ്‌ ഇന്ത്യ സമരക്കാലത്തും സ്വാതന്ത്ര്യത്തിന്‌ തൊട്ടുമുമ്പുള്ള കാലഘട്ടങ്ങളിലും താന്‍ പഠിച്ചിരുന്നത്‌ കതിരൂര്‍ ഹൈസ്കൂളിലും തലശേരി ബ്രണ്ണന്‍ കോളജിലുമാണ്‌. ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ അതിനെതിരെയുള്ള നിലപാടാണ്‌ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചിരുന്നത്‌. സമരം ചെയ്തവരെ അവര്‍ അപഹസിച്ചു. പില്‍കാലത്ത്‌ സി പി എം സഹയാത്രികനായി തീര്‍ന്ന ജ്യേഷ്ഠന്‍ തായാട്ട്‌ ശങ്കരനും താനുമെല്ലാം അന്ന്‌ അവരുടെ എതിര്‍പ്പേറ്റുവാങ്ങിയിട്ടുണ്ട്‌. നാട്ടിന്‍പുറങ്ങളിലായിരുന്നു അന്ന്‌ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടത്‌. അഭിഭാഷകരും അധ്യാപകരുമായിരുന്നു സമരത്തില്‍ ഏറെ സജീവം, കര്‍ഷകസമരങ്ങളിലൂടെ നാട്ടില്‍ കമ്യൂണിസ്റ്റുകാരും സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചുവന്ന കാലമായിരുന്നു അത്‌. എന്നാല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവവും ആശയങ്ങളുടെ ഗരിമയും ഇവരുടെ പ്രവര്‍ത്തനങ്ങളെ എന്നും കവിഞ്ഞുനിന്നിരുന്നു. കമ്യൂണിസ്റ്റുകാര്‍ നടത്തിയ പോലെ പുസ്തകങ്ങളിലൂടെയോ സ്റ്റഡിക്ലാസുകളിലൂടെയോ ആരെങ്കിലും ഗാന്ധിയന്‍ ചിന്തകള്‍ പഠിപ്പിച്ചതായി തനിക്കോര്‍മയില്ലെന്നും കെ തായാട്ട്‌ പറഞ്ഞു. ഗാന്ധിയുടെ ജീവിതമായിരുന്നു എല്ലാവര്‍ക്കും ആദര്‍ശമാതൃക. പലപ്പോഴും അത്‌ പടം വെച്ച്‌ പൂജിക്കുന്നത്‌ പോലെയുള്ള ആരാധനയിലേക്കും വഴുതിവീണെങ്കിലും.
സബര്‍മതി എന്ന നദി
ഗാന്ധിയുടെ ആദ്യ ആശ്രമം അഹ്മദാബാദിലെ കൊച്ച്‌റാബ്‌ മേഖലയിലായിരുന്നു. 1915ലായിരുന്നു ആശ്രമം സ്ഥാപിക്കപ്പെട്ടത്‌. പിന്നീട്‌ 1917-ല്‍ അത്‌ സബര്‍മതി നദിയുടെ തീരത്തേക്ക്‌ മാറി. സത്യഗ്രഹ ആശ്രമം എന്നോ ഹരിജന്‍ ആശ്രമം എന്നോ ആണ്‌ ആശ്രമത്തെ വിളിച്ചുപോന്നിരുന്നത്‌. പൊതുവേ സബര്‍മതിയെന്നും. 1930 വരെ ഗാന്ധി താമസിച്ചിരുന്നത്‌ ഇവിടെത്തന്നെയായിരുന്നു. സ്വാതന്ത്ര്യസമരചരിത്രത്തില്‍ മറ്റൊരൂ യുദ്ധമുഖം തുറന്ന ദണ്ഡി മാര്‍ച്ചിന്റെ കാലത്താണ്‌ അദ്ദേഹം ഇവിടം വിട്ടുപോകുന്നത്‌. ഇന്ത്യ സ്വതന്ത്രമായേ താന്‍ തിരിച്ചുവരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിരവധി സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ ഈ ആശ്രമം. ഏറെക്കാലം കൊണ്ടുനടന്ന ആഗ്രഹമായിരുന്നു സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയെന്നത്‌. അഹ്മദാബാദ്‌ നഗരത്തില്‍ നിന്ന്‌ ഏതാണ്ട്‌ മുക്കാല്‍ മണിക്കൂര്‍ യാത്രചെയ്താല്‍ സബര്‍മതിയായി. സാഹിത്യരചന മുന്‍നിര്‍ത്തി താന്‍ ധാരാളം സഞ്ചരിക്കുമായിരുന്നു. റിട്ടയര്‍ ചെയ്തതിന്‌ ശേഷം രണ്ടുതവണ ഇത്തരത്തില്‍ വടക്കേ ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുണ്ട്‌. ഈ യാത്രയുടെ രണ്ടാം ഘട്ടത്തില്‍ അവസാനമാണ്‌ സബര്‍മതിയിലും പോര്‍ബന്തറിലുമെത്തുന്നത്‌. 1884 നവംബര്‍ 12ന്‌. സബര്‍മതിയിലെത്തിയ ഉടനെ സന്തോഷാധിക്യത്താല്‍ ആ മണ്ണില്‍ താന്‍ വീണുരുണ്ടതായും തായാട്ട്‌ ഓര്‍ക്കുന്നു. വൃന്ദാവനത്തിലെത്തിയ അക്രൂരനെപ്പോലെയായിരുന്നു താന്‍. ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ആ മണ്ണ്‌ തന്റെ ദേഹത്ത്‌ പുരളുന്നതില്‍ ധന്യത അനുഭവിക്കാനായെന്നും തായാട്ട്‌ പറയുന്നു. നിര്‍ഭയത്വം വളര്‍ത്തുന്നതിനും സത്യാന്വേഷണം തുടരുന്നതിനും പറ്റിയ ഇടമാണ്‌ സബര്‍മതിയുടെ ഈ തീരമെന്ന്‌ ഗാന്ധി കരുതി. ആശ്രമത്തിന്‌ എതിര്‍വശത്തായിരുന്നു സബര്‍മതി നദി. മറ്റൊരു വശത്ത്‌ ബ്രിട്ടീഷുകാര്‍ തീര്‍ത്ത ജയിലും. ഇതായിരിക്കും ഗാന്ധിയുടെ ഈ അഭിപ്രായപ്രകടനത്തിന്‌ പിറകില്‍. ശുദ്ധലാളിത്യമാണ്‌ ഈ ആശ്രമത്തിന്റെ മുഖമുദ്ര. ആശ്രമത്തിലുള്ള കുടിലിന്‌ സമാനമായ ഹൃദയകുഞ്ജത്തിലായിരുന്നു ഗാന്ധി വിശ്രമിച്ചിരുന്നത്‌. അനാര്‍ഭാടം എന്ന്‌ വിശേഷിപ്പിക്കാവുന്ന ചുറ്റുപാട്‌ ഒരു മനുഷ്യന്‍ ലോകത്തിന്റെയും തന്റെയും ആവശ്യങ്ങള്‍ക്ക്‌ മേല്‍ നേടിയ വിജയം വിളിച്ചോതുന്നതായിരുന്നു. ഒരു ടൂറിസ്റ്റ്‌ കേന്ദ്രം എന്ന ആകര്‍ഷണീയത ആരോപിക്കാന്‍ കഴിയാത്ത വിധം വിപണിയുടെ നീരാളിക്കൈകളെ കൂട്ടാക്കാത്തതാണ്‌ ആ അന്തരീക്ഷം എന്നും തായാട്ട്‌ പറഞ്ഞു. ഒരേ ഒരു ദിവസമായിരുന്നു താന്‍ അവിടെ തങ്ങിയത്‌. പക്ഷെ അവിസ്മരണീയമായ ആനന്ദമാണ്‌ തനിക്ക്‌ ആശ്രമവും പരിസരവും നല്‍കിയത്‌. ഗുജറാത്ത്‌ കൃഷ്ണസ്മരണയുണര്‍ത്തുന്ന നാടാണ്‌. ഗോപികമാരുടെയും ദ്വാരകയുടെയും സാന്നിധ്യം അവിടെയുണ്ട്‌. പക്ഷെ തന്നെ അക്രൂരനാക്കിയത്‌ ഗീതയ്ക്ക്‌ മാതാവായ ഭൂമി പ്രസവിച്ച കര്‍മയോഗിയുടെ സ്മരണയാണ്‌- പറഞ്ഞുതീരുമ്പോള്‍ തായാട്ടിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആര്യവേപ്പും അശോകവും ഓരങ്ങളെ അലങ്കരിച്ച വഴിയിലൂടെ താന്‍ നടക്കുമ്പോള്‍ അനുഭവിച്ച ഉള്‍പ്പുളകം പറഞ്ഞറിയിക്കാനുള്ള വാക്കുകളോ ഓര്‍മയോ മതിയാകാതെ അദ്ദേഹം ബുദ്ധിമുട്ടി. സബര്‍മതിയ്ക്കുപുറമേ പോര്‍ബന്തറും യാത്രയുടെ ഒടുവില്‍ താന്‍ സന്ദര്‍ശിച്ചുവെന്നും പറഞ്ഞു.
വരണ്ടുപോയ സബര്‍മതി
താന്‍ മടങ്ങുമ്പോള്‍ സബര്‍മതി നദി വരണ്ടുകിടന്നിരുന്നു. പച്ചപ്പന്വേഷിച്ചു നടക്കുന്ന ആട്ടിന്‍കൂട്ടത്തെയും കണ്ടു. ഇവയുടെ മുത്തശ്ശിമാരിലൊരാള്‍ ഗാന്ധിജിയുടെ പാല്‍ക്കാരിയായിരുന്നിരിക്കാം എന്നും ഓര്‍ത്തു. എന്നാല്‍ ആടിന്‌ തിന്നാന്‍ പോലും ഒരു പച്ചപ്പ്‌ അവിടെയുണ്ടായിരുന്നില്ല. വരണ്ട നദി അനാഥവും വിസ്മൃതവുമായ ഒരൊഴുക്കുപോലെ കാണപ്പെട്ടു. അങ്ങകലെ അഹ്മദാബാദ്‌ നഗരം ജീവിതത്തേക്കാള്‍ വലുപ്പം വെച്ച്‌. പാലങ്ങള്‍ക്ക്‌ മുകളിലൂടെ വാഹനങ്ങളുടെ അനസ്യൂതമായ ഒഴുക്ക്‌. സബര്‍മതിയെന്ന ധാര്‍മികധാര വര്‍ഷങ്ങള്‍ക്ക്‌ ശേഷം പാടെ നാമാവശേഷമാകുമെന്ന ഭയമാണ്‌ ആ കാഴ്ചകള്‍ നല്‍കിയത്‌. പിന്നീട്‌ കലാപങ്ങളില്‍ മനുഷ്യരുടെ ചോര സബര്‍മതിയേക്കാള്‍ വലിയ നദിയായി ഗുജറാത്തിലൊഴുകിയപ്പോള്‍ ഈ ഭയം അസ്ഥാനത്തായില്ല- കെ തായാട്ട്‌ പറയുന്നു. സബര്‍മതി പൂര്‍ണമായും വറ്റുകയില്ല. നാം ഇപ്പോഴും ഗാന്ധിയെ ഓര്‍ക്കാന്‍ മുതിരുന്നെന്നതുതന്നെ കാരണം-അദ്ദേഹം പ്രത്യാശിച്ചു.

Tuesday, November 07, 2006


ഇത്‌ സാംസ്കാരികരംഗത്തെ ചലനങ്ങള്‍ക്കായുള്ള ഇ പത്രിക.
സാംസ്കാരികമേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശകലനങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കും.
വാര്‍ത്തകളും അഭിപ്രായങ്ങളും അയയ്ച്ചുതന്ന്‌ സഹകരിക്കുമല്ലോ.
വിശ്വസ്തതയോടെ,
സതീഷ്‌