Wednesday, November 08, 2006

ആ മണ്ണില്‍ ഞാന്‍ വീണുരുണ്ടു

ഗാന്ധിയനും ബാലസാഹിത്യകാരനുമായ കെ തായാട്ട്‌ സബര്‍മതി യാത്രയുടെ ഓര്‍മ്മകള്‍
ഐ സതീഷുമായി പങ്കുവെയ്ക്കുന്നു
സബര്‍മതി
അത്‌ ഒരു വെറും പേരല്ല. നദിയുടെയോ ആശ്രമത്തിന്റെയോ പേരുമാത്രമല്ല. ഇനിയും പാടെ വറ്റിപ്പോകാത്ത ധാര്‍മികധാരയാണ്‌ സബര്‍മതി. രാഷ്ട്രപിതാവിന്റെ സാന്നിധ്യം കൊണ്ട്‌ അനുഗൃഹീതമായ ആശ്രമം നിലകൊള്ളുന്നത്‌ ഇതേ പേരുള്ള ഈ നദിയോരത്താണ്‌. മനുഷ്യജീവിതത്തില്‍ ജനനത്തിനും മരണത്തിനും പ്രാധാന്യം ഏറെയൊന്നും കാണാതിരുന്നയാളായിരുന്നു ഗാന്ധി. നാമരൂപത്തിലോ ചിഹ്നങ്ങളിലോ അല്ല കര്‍മവിശുദ്ധിയിലായിരുന്നു അദ്ദേഹത്തിന്‌ വിശ്വാസം. ഗാന്ധി വെടിയേറ്റുമരിച്ചപ്പോള്‍ ഒരു പ്രതിഭാശാലി പ്രതികരിച്ചത്‌ ഇങ്ങനെയല്ലാതെ എങ്ങനെയാണ്‌ അദ്ദേഹം വിട പറയേണ്ടിയിരുന്നതെന്നാണ്‌. ജീവിതത്തില്‍ നിന്ന്‌ പിന്‍വാങ്ങൂന്നത്‌ പോലും മഹത്തായ ഒരു പ്രവര്‍ത്തനമാക്കി മാറ്റിയ ആളാണ്‌ അദ്ദേഹം.ചമ്പാടുള്ള തന്റെ വസതിയുടെ പൂമുഖത്തിരുന്ന്‌ ബാലസാഹിത്യകാരനും ഗാന്ധിയനുമായ കെ തായാട്ട്‌ പറയുന്നു: ഗാന്ധി താനുള്‍പ്പെടുന്ന തലമുറയ്ക്ക്‌ ഒരു വികാരമായിരൂന്നു. കടുത്ത ആരാധനയായിരുന്നു ആളുകള്‍ക്ക്‌ അദ്ദേഹത്തോട്‌. ആരും ഗാന്ധിചിന്ത പുസ്തകത്തില്‍ നിന്ന്‌ പഠിച്ചിരുന്നില്ല. അദ്ദേഹം ചിന്തിക്കുന്നതെന്തെന്ന്‌ അറിയാന്‍ ആ ജീവിതത്തെ നിരീക്ഷിച്ചാല്‍ മതിയായിരുന്നു. ആ ജീവിതത്തെ പിന്‍പറ്റിയാല്‍ മതിയായിരുന്നു. ഗാന്ധിയെപ്പോലെ ജീവിക്കുക തീരെ എളുപ്പമല്ല. അതുകൊണ്ട്‌ തന്നെ ഒരു ഗാന്ധിയനെന്ന്‌ അവകാശപ്പെടാന്‍ തനിക്കാവുകയുമില്ല. തീര്‍ച്ചയായും താന്‍ ഒരു ഗാന്ധിയനല്ല. വേണമെങ്കില്‍ അനുജന്‍ ബാലന്‍ തായാട്ട്‌ ആണ്‌ കുറേക്കൂടി ഗാന്ധിയന്‍ എന്നു പറഞ്ഞോളൂ.
സബര്‍മതിയിലേക്ക്‌
ഒരു തീര്‍ഥയാത്രയുടെ പരകോടിയിലായിരുന്നു താന്‍ സബര്‍മതിയിലെത്തിയത്‌. നന്നേ ചെറുപ്പത്തില്‍ തന്നെ ഗാന്ധിയുടെ മായികപ്രഭാവം തന്നെ ആകര്‍ഷിച്ചുതുടങ്ങിയിരുന്നു. ഒരു തരത്തില്‍ ഈ തീര്‍ഥയാത്ര അന്നാണ്‌ ആരംഭിച്ചത്‌ എന്നുവേണം പറയാന്‍. ജ്യേഷ്ഠന്‍ തായാട്ട്‌ ശങ്കരനാണ്‌ ഗാന്ധിയുടെയും നാഷണല്‍കോണ്‍ഗ്രസിന്റെയും പാതയിലൂടെ തന്നെ നടത്തിയത്‌. അച്ഛന്‍ ഖാദി ധരിക്കാനിഷ്ടപ്പെട്ടിരുന്ന ഒരു ദേശസ്നേഹിയായിരുന്നു. അമ്മാവന്‍ കൃഷ്ണന്‍നമ്പ്യാരും കോണ്‍ഗ്രസുകാരനായിരുന്നു. സ്വാതന്ത്ര്യസമരം ഉച്ചസ്ഥായിയിലെത്തിയ അക്കാലത്ത്‌ ഗാന്ധിയെ അകലെ നിന്നെങ്കിലും നേരില്‍ കാണാനും അടുത്ത്‌ നിന്ന്‌ അദ്ദേഹം അറിയാതെ അദ്ദേഹത്തെ സ്പര്‍ശിക്കാനും അവസരം കിട്ടി. ഗാന്ധിജി തലശ്ശേരിയില്‍ വന്നപ്പോഴായിരുന്നു അത്‌. തന്നെയും സഹോദരന്‍മാരെയും ഗാന്ധിയുടെ സമീപമെത്തിക്കാന്‍ അച്ഛന്‍ രണ്ട്‌ രൂപ ചെലവിട്ടതും തായാട്ട്‌ ഓര്‍ക്കുന്നു. വലിയ പുരുഷാരമായിരുന്നു തലശേരി കടപ്പുറത്ത്‌. പൂഴി വാരിയിട്ടാല്‍ പോലും നിലത്തെത്തുകയില്ല. തിരക്കിനിടയില്‍ അമ്മാവന്‍ തന്നെയെടുത്തുയര്‍ത്തി ഗാന്ധിയെ തൊടാന്‍ അവസരമുണ്ടാക്കുകയായിരുന്നു. ഈ വിരല്‍കൊണ്ടാണ്‌ ഗാന്ധിയെ തൊട്ടത്‌ എന്ന്‌ കുറേക്കാലം താന്‍ പറഞ്ഞുനടന്നിരുന്നു. ഇന്ന്‌ സിനിമാനടന്‍മാരോടും കായികതാരങ്ങളോടും കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കുമൊക്കെ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആരാധന പ്രായഭേദമെന്യേ ആളുകള്‍ക്ക്‌ ഗാന്ധിയോടുണ്ടായിരുന്നു. കടുത്ത ബ്രിട്ടീഷ്‌ അനുകൂലികള്‍ക്ക്‌ പോലും രഹസ്യമായ ആദരവ്‌ അദ്ദേഹത്തോടുണ്ടായിരുന്നു. 'അര്‍ധനഗ്നനായ ഈ ഫക്കീര്‍' എങ്ങനെയാണ്‌ ഇത്രയധികം ആളുകളെ ആകര്‍ഷിച്ചത്‌ എന്നത്‌ മിക്കവര്‍ക്കും പ്രത്യേകിച്ച്‌ പടിഞ്ഞാറുള്ളവര്‍ക്ക്‌ ഇനിയും മനസ്സിലായിട്ടില്ല.  
കത്തിയെരിഞ്ഞ സബര്‍മതി
സബര്‍മതിയുടെ പേരുവഹിച്ച തീവണ്ടിയാണ്‌ ഗോധ്രയില്‍ കത്തിയെരിഞ്ഞത്‌. വിഭജനകാലത്ത്‌ മാത്രമല്ല, ഗാന്ധി പിറന്ന ഗുജറാത്ത്‌ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നിരവധി നരമേധങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു. തമ്മില്‍ തല്ലി നശിച്ച യാദവകുലം ജീവിച്ചതും ദ്വാരകയുമെല്ലാം ആ പ്രദേശത്തായിരുന്നു. എന്നാല്‍ അശാന്തിയുടെ കടല്‍ ആ പ്രദേശത്തെ മുഴുവനും വിഴുങ്ങുകയില്ലെന്നുറപ്പാണ്‌. കാരണം അനന്തമായ കാരുണ്യം പോലെ ഒരു ജീവിതത്തിന്റെ അദൃശ്യസാന്നിധ്യം ഇപ്പോഴുമുണ്ട്‌ ആ മണ്ണില്‍. സബര്‍മതിയും പോര്‍ബന്തറും ആ നാട്ടിലുള്ളിടത്തോളം കാലം ഗാന്ധിയെ മറക്കാന്‍ കഴിയുകയില്ല. ഇപ്പറഞ്ഞത്‌ ഇന്ത്യക്കും ബാധകമാണ്‌. ധാര്‍മികതയിലും ആത്മബലത്തിലുമൂന്നി തിന്മകളെ ചെറുക്കാനാണ്‌ ഗാന്ധി ഉപദേശിച്ചത്‌. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ അദ്ദേഹം വെല്ലുവിളിച്ചത്‌ ഹിംസാത്മകമായ മാര്‍ഗങ്ങളിലൂടെയായിരുന്നില്ല. അക്രമികളായ ബ്രിട്ടീഷ്‌ ഭരണകൂടത്തെ നേരിടാനുള്ള നെഞ്ചൂക്ക്‌ ഏതെങ്കിലും ആയുധമായിരുന്നില്ല നല്‍കിയത്‌. ഇതേ നെഞ്ചൂക്ക്‌ തന്നെയാണ്‌ വര്‍ഗീയവൈരത്താല്‍ കലുഷിതമായ നവഖാലിയെപ്പോലുള്ള ഇടങ്ങളിലൂടെ ഏകാന്തനായി നടക്കുമ്പോഴും ഹിന്ദുവര്‍ഗീയവാദിയുടെ വെടിയുണ്ടയെ ഭയക്കാതിരിക്കുമ്പോഴും അദ്ദേഹം പ്രദര്‍ശിപ്പിച്ചത്‌.
സബര്‍മതിയെന്ന സമരായുധം
ഗാന്ധിയുടെ എല്ലാ സമരങ്ങള്‍ക്കുമുണ്ടായിരുന്നു പ്രത്യേകത. സബര്‍മതി ആശ്രമം സ്ഥാപിച്ചതു തന്നെ ഈ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു. സ്വന്തം വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും പുതുക്കിപ്പണിതാണ്‌ ആധിപത്യത്തെ വെല്ലുവിളിക്കേണ്ടത്‌ എന്നദ്ദേഹം പഠിപ്പിച്ചു. ഇച്ഛാശക്തിയുള്ളവരും ആത്മബലമുള്ളവരുമായി ഇന്ത്യക്കാരെ മാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചു. ഇതിന്‌ ചര്‍ക്ക നല്ല ആയുധമായിരുന്നു. ആത്മവിശ്വാസവും സ്വാശ്രയശീലവും സ്വാതന്ത്ര്യം എന്ന തത്വത്തിന്‌ അനിവാര്യമാണെന്ന്‌ ഗാന്ധിജി കരുതി. സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ താന്‍ ചര്‍ക്കയില്‍ നൂല്‍നൂറ്റ കാര്യവും ഗാന്ധിയെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ തായാട്ട്‌ ഓര്‍മിച്ചെടുത്തു. നോമ്പുനോല്‍ക്കുന്നതിന്‌ സമാനമായ ഒരു വ്രതശുദ്ധിയായിരുന്നു നൂല്‍നൂല്‍ക്കുന്നതിനും. വലിയ ഒരു സാമ്പത്തികസമരമാണ്‌ ചെയ്യുന്നത്‌ എന്ന്‌ കാര്യമായി ആരും മനസ്സിലാക്കിയിരുന്നില്ല. ഇത്തരമൊരു സമരം വഴി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക അടിത്തറയിളക്കാനാണ്‌ ഗാന്ധി ശ്രമിച്ചത്‌. ചര്‍ക്കയുടെ തത്വവും ജീവിത ലാളിത്യത്തിന്റെ പ്രാധാന്യവും സ്വാശ്രയശീലത്തിലൂന്നിയ ജീവിതസങ്കല്‍പവുമെല്ലാം സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകാര്‍ക്ക്‌ പോലും മനസ്സിലായില്ല. കമ്യൂണിസ്റ്റുകാര്‍ എന്നും ഗാന്ധിയന്‍പാതയ്ക്കെതിരെയായിരുന്നല്ലോ. ക്വിറ്റ്‌ ഇന്ത്യ സമരക്കാലത്തും സ്വാതന്ത്ര്യത്തിന്‌ തൊട്ടുമുമ്പുള്ള കാലഘട്ടങ്ങളിലും താന്‍ പഠിച്ചിരുന്നത്‌ കതിരൂര്‍ ഹൈസ്കൂളിലും തലശേരി ബ്രണ്ണന്‍ കോളജിലുമാണ്‌. ക്വിറ്റ്‌ ഇന്ത്യാ സമരകാലത്ത്‌ അതിനെതിരെയുള്ള നിലപാടാണ്‌ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചിരുന്നത്‌. സമരം ചെയ്തവരെ അവര്‍ അപഹസിച്ചു. പില്‍കാലത്ത്‌ സി പി എം സഹയാത്രികനായി തീര്‍ന്ന ജ്യേഷ്ഠന്‍ തായാട്ട്‌ ശങ്കരനും താനുമെല്ലാം അന്ന്‌ അവരുടെ എതിര്‍പ്പേറ്റുവാങ്ങിയിട്ടുണ്ട്‌. നാട്ടിന്‍പുറങ്ങളിലായിരുന്നു അന്ന്‌ സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടത്‌. അഭിഭാഷകരും അധ്യാപകരുമായിരുന്നു സമരത്തില്‍ ഏറെ സജീവം, കര്‍ഷകസമരങ്ങളിലൂടെ നാട്ടില്‍ കമ്യൂണിസ്റ്റുകാരും സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചുവന്ന കാലമായിരുന്നു അത്‌. എന്നാല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവവും ആശയങ്ങളുടെ ഗരിമയും ഇവരുടെ പ്രവര്‍ത്തനങ്ങളെ എന്നും കവിഞ്ഞുനിന്നിരുന്നു. കമ്യൂണിസ്റ്റുകാര്‍ നടത്തിയ പോലെ പുസ്തകങ്ങളിലൂടെയോ സ്റ്റഡിക്ലാസുകളിലൂടെയോ ആരെങ്കിലും ഗാന്ധിയന്‍ ചിന്തകള്‍ പഠിപ്പിച്ചതായി തനിക്കോര്‍മയില്ലെന്നും കെ തായാട്ട്‌ പറഞ്ഞു. ഗാന്ധിയുടെ ജീവിതമായിരുന്നു എല്ലാവര്‍ക്കും ആദര്‍ശമാതൃക. പലപ്പോഴും അത്‌ പടം വെച്ച്‌ പൂജിക്കുന്നത്‌ പോലെയുള്ള ആരാധനയിലേക്കും വഴുതിവീണെങ്കിലും.
സബര്‍മതി എന്ന നദി
ഗാന്ധിയുടെ ആദ്യ ആശ്രമം അഹ്മദാബാദിലെ കൊച്ച്‌റാബ്‌ മേഖലയിലായിരുന്നു. 1915ലായിരുന്നു ആശ്രമം സ്ഥാപിക്കപ്പെട്ടത്‌. പിന്നീട്‌ 1917-ല്‍ അത്‌ സബര്‍മതി നദിയുടെ തീരത്തേക്ക്‌ മാറി. സത്യഗ്രഹ ആശ്രമം എന്നോ ഹരിജന്‍ ആശ്രമം എന്നോ ആണ്‌ ആശ്രമത്തെ വിളിച്ചുപോന്നിരുന്നത്‌. പൊതുവേ സബര്‍മതിയെന്നും. 1930 വരെ ഗാന്ധി താമസിച്ചിരുന്നത്‌ ഇവിടെത്തന്നെയായിരുന്നു. സ്വാതന്ത്ര്യസമരചരിത്രത്തില്‍ മറ്റൊരൂ യുദ്ധമുഖം തുറന്ന ദണ്ഡി മാര്‍ച്ചിന്റെ കാലത്താണ്‌ അദ്ദേഹം ഇവിടം വിട്ടുപോകുന്നത്‌. ഇന്ത്യ സ്വതന്ത്രമായേ താന്‍ തിരിച്ചുവരൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിരവധി സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ ഈ ആശ്രമം. ഏറെക്കാലം കൊണ്ടുനടന്ന ആഗ്രഹമായിരുന്നു സബര്‍മതി ആശ്രമം സന്ദര്‍ശിക്കുകയെന്നത്‌. അഹ്മദാബാദ്‌ നഗരത്തില്‍ നിന്ന്‌ ഏതാണ്ട്‌ മുക്കാല്‍ മണിക്കൂര്‍ യാത്രചെയ്താല്‍ സബര്‍മതിയായി. സാഹിത്യരചന മുന്‍നിര്‍ത്തി താന്‍ ധാരാളം സഞ്ചരിക്കുമായിരുന്നു. റിട്ടയര്‍ ചെയ്തതിന്‌ ശേഷം രണ്ടുതവണ ഇത്തരത്തില്‍ വടക്കേ ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുണ്ട്‌. ഈ യാത്രയുടെ രണ്ടാം ഘട്ടത്തില്‍ അവസാനമാണ്‌ സബര്‍മതിയിലും പോര്‍ബന്തറിലുമെത്തുന്നത്‌. 1884 നവംബര്‍ 12ന്‌. സബര്‍മതിയിലെത്തിയ ഉടനെ സന്തോഷാധിക്യത്താല്‍ ആ മണ്ണില്‍ താന്‍ വീണുരുണ്ടതായും തായാട്ട്‌ ഓര്‍ക്കുന്നു. വൃന്ദാവനത്തിലെത്തിയ അക്രൂരനെപ്പോലെയായിരുന്നു താന്‍. ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ആ മണ്ണ്‌ തന്റെ ദേഹത്ത്‌ പുരളുന്നതില്‍ ധന്യത അനുഭവിക്കാനായെന്നും തായാട്ട്‌ പറയുന്നു. നിര്‍ഭയത്വം വളര്‍ത്തുന്നതിനും സത്യാന്വേഷണം തുടരുന്നതിനും പറ്റിയ ഇടമാണ്‌ സബര്‍മതിയുടെ ഈ തീരമെന്ന്‌ ഗാന്ധി കരുതി. ആശ്രമത്തിന്‌ എതിര്‍വശത്തായിരുന്നു സബര്‍മതി നദി. മറ്റൊരു വശത്ത്‌ ബ്രിട്ടീഷുകാര്‍ തീര്‍ത്ത ജയിലും. ഇതായിരിക്കും ഗാന്ധിയുടെ ഈ അഭിപ്രായപ്രകടനത്തിന്‌ പിറകില്‍. ശുദ്ധലാളിത്യമാണ്‌ ഈ ആശ്രമത്തിന്റെ മുഖമുദ്ര. ആശ്രമത്തിലുള്ള കുടിലിന്‌ സമാനമായ ഹൃദയകുഞ്ജത്തിലായിരുന്നു ഗാന്ധി വിശ്രമിച്ചിരുന്നത്‌. അനാര്‍ഭാടം എന്ന്‌ വിശേഷിപ്പിക്കാവുന്ന ചുറ്റുപാട്‌ ഒരു മനുഷ്യന്‍ ലോകത്തിന്റെയും തന്റെയും ആവശ്യങ്ങള്‍ക്ക്‌ മേല്‍ നേടിയ വിജയം വിളിച്ചോതുന്നതായിരുന്നു. ഒരു ടൂറിസ്റ്റ്‌ കേന്ദ്രം എന്ന ആകര്‍ഷണീയത ആരോപിക്കാന്‍ കഴിയാത്ത വിധം വിപണിയുടെ നീരാളിക്കൈകളെ കൂട്ടാക്കാത്തതാണ്‌ ആ അന്തരീക്ഷം എന്നും തായാട്ട്‌ പറഞ്ഞു. ഒരേ ഒരു ദിവസമായിരുന്നു താന്‍ അവിടെ തങ്ങിയത്‌. പക്ഷെ അവിസ്മരണീയമായ ആനന്ദമാണ്‌ തനിക്ക്‌ ആശ്രമവും പരിസരവും നല്‍കിയത്‌. ഗുജറാത്ത്‌ കൃഷ്ണസ്മരണയുണര്‍ത്തുന്ന നാടാണ്‌. ഗോപികമാരുടെയും ദ്വാരകയുടെയും സാന്നിധ്യം അവിടെയുണ്ട്‌. പക്ഷെ തന്നെ അക്രൂരനാക്കിയത്‌ ഗീതയ്ക്ക്‌ മാതാവായ ഭൂമി പ്രസവിച്ച കര്‍മയോഗിയുടെ സ്മരണയാണ്‌- പറഞ്ഞുതീരുമ്പോള്‍ തായാട്ടിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ആര്യവേപ്പും അശോകവും ഓരങ്ങളെ അലങ്കരിച്ച വഴിയിലൂടെ താന്‍ നടക്കുമ്പോള്‍ അനുഭവിച്ച ഉള്‍പ്പുളകം പറഞ്ഞറിയിക്കാനുള്ള വാക്കുകളോ ഓര്‍മയോ മതിയാകാതെ അദ്ദേഹം ബുദ്ധിമുട്ടി. സബര്‍മതിയ്ക്കുപുറമേ പോര്‍ബന്തറും യാത്രയുടെ ഒടുവില്‍ താന്‍ സന്ദര്‍ശിച്ചുവെന്നും പറഞ്ഞു.
വരണ്ടുപോയ സബര്‍മതി
താന്‍ മടങ്ങുമ്പോള്‍ സബര്‍മതി നദി വരണ്ടുകിടന്നിരുന്നു. പച്ചപ്പന്വേഷിച്ചു നടക്കുന്ന ആട്ടിന്‍കൂട്ടത്തെയും കണ്ടു. ഇവയുടെ മുത്തശ്ശിമാരിലൊരാള്‍ ഗാന്ധിജിയുടെ പാല്‍ക്കാരിയായിരുന്നിരിക്കാം എന്നും ഓര്‍ത്തു. എന്നാല്‍ ആടിന്‌ തിന്നാന്‍ പോലും ഒരു പച്ചപ്പ്‌ അവിടെയുണ്ടായിരുന്നില്ല. വരണ്ട നദി അനാഥവും വിസ്മൃതവുമായ ഒരൊഴുക്കുപോലെ കാണപ്പെട്ടു. അങ്ങകലെ അഹ്മദാബാദ്‌ നഗരം ജീവിതത്തേക്കാള്‍ വലുപ്പം വെച്ച്‌. പാലങ്ങള്‍ക്ക്‌ മുകളിലൂടെ വാഹനങ്ങളുടെ അനസ്യൂതമായ ഒഴുക്ക്‌. സബര്‍മതിയെന്ന ധാര്‍മികധാര വര്‍ഷങ്ങള്‍ക്ക്‌ ശേഷം പാടെ നാമാവശേഷമാകുമെന്ന ഭയമാണ്‌ ആ കാഴ്ചകള്‍ നല്‍കിയത്‌. പിന്നീട്‌ കലാപങ്ങളില്‍ മനുഷ്യരുടെ ചോര സബര്‍മതിയേക്കാള്‍ വലിയ നദിയായി ഗുജറാത്തിലൊഴുകിയപ്പോള്‍ ഈ ഭയം അസ്ഥാനത്തായില്ല- കെ തായാട്ട്‌ പറയുന്നു. സബര്‍മതി പൂര്‍ണമായും വറ്റുകയില്ല. നാം ഇപ്പോഴും ഗാന്ധിയെ ഓര്‍ക്കാന്‍ മുതിരുന്നെന്നതുതന്നെ കാരണം-അദ്ദേഹം പ്രത്യാശിച്ചു.

No comments: